Recognizing excellence and milestones in the journey.
മൂന്ന് പതിറ്റാണ്ട് മനുഷ്യായുസ്സില്‍ ചെറിയ ഒരു കാലഘട്ടമല്ല, ആണോ? മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഔദ്യോഗികമായി ഇടപെട്ടു തുടങ്ങിയിട്ട് 30 വര്‍ഷം തികയുന്നു. ഇങ്ങനെയൊരു പോസ്റ്റ് വേണോ എന്ന് പലവട്ടം ആലോചിച്ചു. അതിലൊന്നും വലിയ കാര്യമില്ലെന്ന് തന്നെയാണ് ഇപ്പോഴും മനസ്സ് പറയുന്നത്. എങ്കിലും നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ... 1995 ജൂണ്‍ 17നാണ് ഔദ്യാഗികമായി പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്, ജന്മഭൂമിയില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി. കൊച്ചിയിലെ ജന്മഭൂമിയുടെ ഹെഡ് ഓഫീസില്‍ ആ ദിവസം ചെല്ലുമ്പോള്‍ അതേദിവസം ജോയിന്‍ ചെയ്ത മറ്റ് രണ്ടുപേര്‍ ആര്‍. രാജേഷും സജികുമാര്‍ കുഴിമറ്റവും. പേരണ്ടൂര്‍ റോഡിലെ ജന്മഭൂമി ഓഫീസില്‍ നിന്ന് അധികം ദൂരെയല്ലാതെ ഒരു വീട്ടിലാണ് ഞങ്ങള്‍ക്ക് താമസമൊരുക്കിയത്. അവിടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. അടിമാലിയിലെ ഉണ്ണികൃഷ്ണന്‍. ഉണ്ണികൃഷ്ണന്‍ ട്രെയിനി എന്ന നിലയില്‍ നിന്ന് പ്രൊബേഷന്‍ ആയി നില്‍ക്കുന്നയാളാണ്. ആ പരിഗണനയില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു മുറിയുമുണ്ടായിരുന്നു (അധികം വൈകാതെ ഉണ്ണികൃഷ്ണന്‍ ജന്മഭൂമി വിട്ടു പോയി. ഇപ്പോള്‍ എവിടെയെന്ന് അറിയില്ല). പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലേക്കാവാഹിച്ച ദിനങ്ങള്‍... അസോസിയേറ്റ് എഡിറ്ററായി ഞാന്‍ ഇന്നും ഗുരുതുല്യം സ്‌നേഹിക്കുന്ന കെ.വി.എസ്. ഹരിദാസ്.. (അദ്ദേഹം പിന്നീട് എഡിറ്ററായി), ഡെസ്‌ക് ചീഫായി കെ. മോഹന്‍ദാസ് എന്ന പരിണതപ്രജ്ഞന്‍. ജയചന്ദ്രന്‍.. ടി.കെ. സുനില്‍കുമാര്‍, പൂവത്തിങ്കല്‍ ബാലചന്ദ്രന്‍... എഡിറ്ററായി പ്രത്യേക കാബിനില്‍ പി. നാരായണന്‍ എന്ന നാരായണ്‍ജി... മാസങ്ങള്‍ക്ക് ശേഷം പുതിയ ബാച്ച് ട്രെയിനീസ് വരുന്നു... ബി.കെ. രാജേഷ്, കെ.പി. രാജീവന്‍, പി.പി. ദിനേശ്, എം.ആര്‍. രാജേഷ്, സത്യന്‍ കല്ലുരുട്ടി... 1996ല്‍ കോഴിക്കോട് തുടങ്ങാനിരുന്ന പുതിയ എഡിഷനിലേക്ക് ഉദ്ദേശിച്ചായിരുന്നു പുതിയ നിയമനങ്ങള്‍. 96 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഞാനടക്കമുമുള്ള മലബാറില്‍ നിന്നുള്ള ട്രെയിനികള്‍ക്ക് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം. ഏപ്രിലില്‍ കോഴിക്കോട് എഡിഷന്റെ ഉദ്ഘാടനം... മഹാകവി അക്കിത്തത്തിന്റെ തൃക്കൈകളാല്‍ കോഴിക്കോട് എഡിഷന്‍ പുറത്തിറങ്ങുന്നു... പിന്നീട് 2006 ഏപ്രില്‍ വരെ കോഴിക്കോട് എഡിഷനില്‍ ഡസ്‌കിലും ബ്യൂറോയിലുമായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ നാല് വര്‍ഷത്തോളം ജന്മഭൂമി വാരാദ്യപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍-ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു (ജോലിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പോലും തികയന്നുതിന് മുമ്പ് ഇത്രയും വലിയ ഒരു ചുമതല ഏറ്റെടുക്കേണ്ടി വന്നവര്‍ മറ്റേതെങ്കിലും പത്രത്തിലുണ്ടോ?.. അറിയില്ല..) വാരാദ്യപ്പതിപ്പിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി തുടരുന്ന 'സംഘപഥത്തിലൂടെ' എന്ന വിഖ്യാതമായ പി. നാരായണൻ്റെ പംക്തിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. ആ പംക്തിക്ക് സംഘപഥത്തിലൂടെ എന്ന പേരിട്ടതും ഗുരുതുല്യനായ നാരായൺജിയെ അതിനായി പ്രേരിപ്പിക്കാൻ എന്നെ തോന്നിച്ചതും ദൈവനിയോഗമെന്നു തന്നെയാണ് ഞാൻ കരുതുന്നത് ( ഇത്രയും ദീർഘകാലം തുടർന്ന ഒരു പംക്തി മലയാള മാധ്യങ്ങളിൽ മറ്റൊന്നില്ലെന്നാണ് എൻ്റെ അറിവ്). ട്രെയിനിയാരിക്കുമ്പോള്‍ തന്നെ, 1996ല്‍ എഴുതിയ ഒരു പരമ്പരയ്ക്ക് കേരള പ്രസ് അക്കാദമിയുടെ അവാര്‍ഡ് നേടിയത്, ജന്മഭൂമിയുടെ ചരിത്രത്തിലെ ആദ്യത്തെ അവാര്‍ഡ് ആയി എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നു. മികച്ച പരിസ്ഥിതി പരമ്പരയ്ക്കുള്ള കേരള പ്രസ് അക്കാദമിയുടെ (ഇന്നത്തെ മീഡിയ അക്കാദമി) വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡാണ് 1997 ആദ്യം എനിക്ക് ലഭിക്കുന്നത്. പിന്നീട് 2002ല്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ഒരു പരമ്പരയ്ക്കാണ് 2002ല്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാര്‍ ലഭിക്കുന്നത്. അതേ വര്‍ഷം തന്നെ ലക്‌നൗവിലെ ബാവുറാവു ദേവറസ് സേവാന്യാസിന്റെ യുവ എഴുത്തുകാരനുള്ള പി.എന്‍. മിശ്ര അവാര്‍ഡും ലഭിച്ചു. തെയ്യം എന്ന അനുഷ്ഠാനത്തെ ഗൗരവമായി സമീപിക്കുന്ന ഒരു അന്വേഷകന്‍ എന്ന നിലയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ് 2000 ല്‍ ലഭിച്ചിരുന്നു. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രചിച്ച പുസ്തകത്തിന് 2011ലെ കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഈ നേട്ടങ്ങള്‍ പരിഗണിച്ചാവണം 2017ല്‍ CCRT എനിക്ക് സീനിയര്‍ ഫെല്ലോഷിപ്പും തന്നു. തെയ്യത്തെ കുറിച്ചുള്ള പഠനങ്ങള്‍ തുടരുന്നതിനുള്ള എന്റെ ആഗ്രഹത്തിന്റെ ഫലമായി 2023ല്‍ ടാഗോര്‍ നാഷണല്‍ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പും നേടാന്‍ കഴിഞ്ഞു. 1995 മുതല്‍ 11 വര്‍ഷത്തോളം ജന്മഭൂമിയില്‍ പ്രവര്‍ത്തിച്ച ഞാന്‍ 2006 ഏപ്രിലില്‍ കേരള കൗമുദിയില്‍ ചേര്‍ന്നു. ജന്മഭൂമിയില്‍ നിന്ന് നിരവധി പേര്‍ കേരള കൗമുദിയില്‍ ചേര്‍ന്നു കൊണ്ടിരുന്ന കാലമായിരുന്നു അത്. കൗമുദിയുടെ കണ്ണൂര്‍ എഡിഷനില്‍ ഫ്‌ളാഷ് എന്ന സായാഹ്നപത്രത്തിന്റെ റിപ്പോര്‍ട്ടിംഗ് ചുതല ഏറ്റെടുത്തു, പിന്നീട് കൗമുദി ദിനപത്രത്തിന്റെ സീനയര്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 2015 ല്‍ ജനം ടിവി തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍, വിഷ്വല്‍ മീഡിയയില്‍ ഒന്ന് പരീക്ഷിക്കാമെന്ന് തോന്നിയതിനാലാണ് അങ്ങോട്ട് ചേക്കേറിയത്. രണ്ടര വര്‍ഷക്കാലം ജനത്തില്‍ കണ്ണൂര്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. എന്നാല്‍ വിഷ്വല്‍ മീഡിയയുടെ ഇക്കോസിസ്റ്റവുമായി ഒത്തുപോവാനാവില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്റിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. 2018ല്‍ ജന്മഭൂമിയില്‍ തന്നെ തിരിച്ചെത്തി... ചിലര്‍ ഇതിനെ 'ഘര്‍ വാപസി' എന്നൊക്കെ പറയുന്നുണ്ട്...
കനലാടിമാർക്കൊപ്പമാണ്. അടൽജി സേവാകേന്ദ്ര ട്രസ്റ്റ് തെയ്യം കോലധാരികളെ ആദരിച്ചപ്പോൾ, ഏറെക്കാലമായി തെയ്യത്തെ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എനിക്കും കിട്ടി ഒരു പരിഗണന. സംവിധായകൻ മേജർ രവി അത്യാഹ്ളാദത്തോടെയാണ് കോലക്കാർക്ക് സമാദരണമർപ്പിച്ചത്. എൻ്റെ അന്വേഷണയാത്രയിൽ അറിവുകൾ പങ്കുവെച്ച എല്ലാ കനലാടിമാർക്കും നന്ദി.
2023 ഫെബ്രുവരിയിലാണ് ടാഗോർ നാഷണൽ റിസർച്ച് സ്കോളർഷിപ്പ് ലഭിച്ച് തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെൻ്ററിന് (SZCC) കീഴിൽ തെയ്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് തുടക്കം കുറിച്ചത്. ഇന്ന് ആ ദൗത്യം പൂർത്തിയായി. ഗവേഷണ പ്രബന്ധം SZCC ഡയറക്ടർ ശ്രീ കെ.കെ. ഗോപാലകൃഷ്ണന് സമർപ്പിച്ചു. 'പാരിസ്ഥിതിക വിവേകം തെയ്യ പുരാവൃത്തങ്ങളിൽ- ആദി പ്രരൂപങ്ങളെ മുൻനിർത്തി ഒരു പഠനം' എന്ന വിഷയത്തിൽ രണ്ടു വർഷം നീണ്ട അന്വേഷണം. പരമാവധി പരിശ്രമിച്ചിട്ടുണ്ട്. തെയ്യത്തിൻ്റെ തട്ടകത്തിനപ്പുറത്തേക്ക് ആ പാരമ്പര്യത്തിൻ്റെ വേരുകൾ കണ്ടെത്താനുള്ള അന്വഷണങ്ങൾ കുറച്ചെങ്കിലും ഫലം കണ്ടെന്ന വിശ്വാസമുണ്ട്... സഹകരിച്ച, കൂടെ നിന്ന എല്ലാവർക്കും നന്ദി...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേയക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധിയായി ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി. സന്തോഷിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്തു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. കണ്ണൂര്‍ സ്വദേശിയായ സന്തോഷ് 29 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കേരളകൗമുദി, ജനം ടിവി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ്, ലഖ്‌നൗ ബി.ഡി. ദേവസ് സേവാന്യാസിന്റെ പി.എന്‍. മിശ്ര അവാര്‍ഡ് തുടങ്ങി മാധ്യമരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടി. തെയ്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍, സീനിയര്‍ ഫെല്ലോഷിപ്പുകള്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ടാഗോര്‍ നാഷണല്‍ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. തെയ്യത്തെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രത്തിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു. തെയ്യത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.